2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച

*വാള പുരാണം*

കോരിച്ചൊരിയുന്ന മഴയത്തും കര്‍മനിരതനായി അബ്ദുള്ളക്കാ അന്നും ഏഴാം പുലര്‍ച്ചയില്‍ തന്നെ എണീറ്റ്‌ തന്റെ കുശിനിയെ ലക്ഷ്യമാക്കി നടന്നു. അടുപ്പില്‍ തീ കൊളുത്തി ചായയ്ക്കുള്ള വെള്ളം വെച്ചു. പുട്ടിന്റെ പൊടിയെടുത്തു കുഴക്കാനുള്ള പാത്രം പരതുന്ന നേരത്താണ് പുറത്തു നിന്നും ഒരു നേര്‍ത്ത ചുമ പനയോല മറയും തുളച്ചു കൊണ്ട് അകത്തെത്തിയത്. പിന്നീടത് അത്  നോൺ സ്റ്റോപ്പ്‌ ആയി മാറി..! അബ്ദുള്ളക്കയുടെ  ആദ്യ കസ്റ്റമര്‍, കണാരൻ നായർ ...കണാരൻ നായരുടെ  ആയുസ്സ് നിശ്ചയിച്ചവരൊക്കെ പലരും കാലപുരി പൂകി..എന്നിട്ടും കാലന്‍റെ കണ്ണില്‍ പെടാതെ നായര്  ഇപ്പോഴും ഒരു പോറലും എല്ക്കാതെ ജീവിക്കുന്നു. എന്താ ഇന്നലെ രാത്രീല് പെയ്ത മഴ..! കണാരൻ നായർ സ്റ്റാര്‍ട്ടിംഗ് ഇട്ടു.  മ്മ് . മ്മ് .. അബ്ദുള്ളക്കാ വെറും മൂളലില്‍ ഒതുക്കിയത് മൂപ്പര്‍ക്ക്  അത്ര ഇഷ്ടായില്ല. സംഭാഷണം അല്‍പ്പനേരം മുറിഞ്ഞു. പറയാതെ തന്നെ രണ്ടു ആവി പറക്കുന്ന ചായയുമായി അബ്ദുള്ളക്ക മുന്നിലെത്തി..ഒരെണ്ണം നായരുടെ നേര്‍ക്ക്‌ നീട്ടിയിട്ട് അബ്ദുള്ളക്കാ തുടങ്ങി. "നായരെന്താ ഇപ്പറയിന്നേ പത്തു മുപ്പതു കൊല്ലം മുന്‍പ് പെയ്ത ജാതീലുള്ള മഴല്ലേ ഇപ്പൊ പെയ്യണെ ...  ഇക്കണക്കിനു പോയാ എല്ലാരും പട്ടിണി കെടന്നു ചാവും..ഇപ്പം തന്നെ സാധനങ്ങള്‍ക്കെല്ലാം വാണം വിട്ട പോലെയാ വെല കേറ്ന്നേ"  
നേരം പര പര വെളുത്തങ്ങിനെവരുന്നു. ഒപ്പം സ്ഥിരം പറ്റുകാര്‍ ഒന്നൊന്നായി എത്തി തുടങ്ങി. പതിവ് പോലെ അടിയോടിയും സമയനിഷ്ഠ പാലിച്ചു.  അടിയോടി കുളൂസിന്റെ ഈറ്റില്ലമാണ് എന്നൊക്കെയാണ് നാട്ടുകാർ പറയാറ്. എന്തൊക്കെയാണ് ആ മുഖത്ത് നിന്നും ഓരോ ദിവസവും വരികയെന്ന് പ്രവചിക്കാന്‍  പോലും പറ്റില്ല. അടിയോടിയെ കണ്ടതും എല്ലാവരും പതിയെ അടുത്ത് കൂടി. ഇന്നെന്തെങ്കിലും പുതിയത് ഉണ്ടാവും. കൂടിയിരുന്നവർ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ കുറിച്ച് പറഞ്ഞങ്ങിനെ തുടങ്ങി.  പലര്‍ക്കും പലയിടത്ത് നിന്നും വലിയ വലിയ മീനുകളെ കിട്ടിയത്രേ. അതൊക്കെ എല്ലാവരും അതിശയോക്തി ചേര്‍ത്ത് പറയാന്‍ തുടങ്ങിയപ്പോൾ കനത്തിലൊന്നു മുരുടനക്കി കൊണ്ട് അടിയോടി എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ക്ഷണിച്ചു. എന്നിട്ട് പതിയെ തുടങ്ങി. "ഇന്നലെ രാത്രി  ഒരു ഒൻപത് ഒൻപതര സമയം ആയി കാണും. ഞാനിങ്ങനെ ഞങ്ങളെ വയലിന്റെ വരമ്പത്ത് തോട്ടിലേക്ക് ചൂണ്ടയും ഇട്ടു ഇരിയ്ക്കാ...അപ്പോഴാ എന്തോ ഒരു വലിയ സാധനം കൊത്തി വലിക്കുന്ന പോലെ....ഞാന്‍ അങ്ങിനെ ചൂണ്ട അഴിച്ചു വിട്ടു. കുടുങ്ങീന്നു തോന്നിയപ്പോ കൊടുത്തു ഒരൊറ്റ വലി. വലിയുടെ ഊക്കില്‍ ഞാന്‍ മറിഞ്ഞു വയലില്‍ വീണതും ഏതാണ്ട് ഒരമ്പതു അമ്പത്തഞ്ചു കിലോ  തൂക്കം വരുന്ന ഒരു വാള എന്റെ ശരീരത്തിൽ പതിച്ചതും ഒരുമിച്ചായിരുന്നു..! ഒരു കണക്കിന് ഞാന്‍ അതിനെ കീഴ്പ്പെടുത്തി സഞ്ചിയിലാക്കി"   കേട്ടവര്‍ കേട്ടവര്‍ വാ പൊളിച്ചു നിന്ന നില്പിൽ ആയി പോയി. ചിലരൊക്കെ അടിയോടിയുടെ കുളൂസല്ലേ എന്ന നിലയ്ക്ക് മുഖത്ത് ഒത്തിരി പുച്ചം വാരി വിതറി.  കേട്ടു നിന്നവരില്‍ അടിയോടിയുടെ എന്നത്തേയും എതിരാളി സഖാവ് വള്ളിക്കാടനും ഉണ്ടായിരുന്നു. പതിവ് ശൈലിയില്‍ ദിനേശ്  ബീഡി ഒന്നെരിച്ചു വലിച്ചു കയ്യും കാലും ഒന്ന് നീട്ടി നിവര്‍ത്തി ഒന്നൊതുങ്ങിയിരുന്നു.  എന്നിട്ട് പതിയെ അങ്ങ് തുടങ്ങി. "ഏട്ടാ... ഏതാണ്ട് അതെ സമയം ഓരോമ്പത് ഒമ്പേര.. കോടാച്ചി മഴ..! ങ്ങള് ഇരുന്ന വരമ്പിന്റെ തൊട്ടപ്പുറത്ത് ഒരു ചൂണ്ടയുമായി ഞാനും ഉണ്ടായിരുന്നു " ചുറ്റും കൂടിയവരുടെ മുഖത്ത് ആകാംക്ഷയും ജിജ്ഞാസയും അല തല്ലി. "അങ്ങിനെ ഇരുന്നു മുഷിഞ്ഞപ്പോ എന്തോ ഒന്ന് കുരുങ്ങിയ പോലെ.  ഞാനും പരമാവധി അഴിച്ചു വിട്ടു. അവസാനം ഒരൊറ്റ വലി..വലിയുടെ ഊക്കില്‍ പിന്നിലേക്ക്‌ മറിഞ്ഞു വീണ എന്റെ നെഞ്ചത്ത് ഒരു ചൂട് തട്ടിയപ്പോഴാ ഞാന്‍ നോക്കിയത്. ചൂണ്ടയുടെ അറ്റത്ത്‌ ഒരു കത്തുന്ന മെഴുകുതിരി"   ങേ..! എല്ലാവരും ഞെട്ടി..! അടിയോടി ഞെട്ടല്‍ മാറ്റി വെച്ച് ചോദ്യമെറിഞ്ഞു..നീയെന്താ ഇപ്പറയുന്നെ..വെള്ളതീന്നു കത്തുന്ന മെഴുകുതിരിയോ..? അപ്പോഴാ വള്ളിക്കാടന്‍ പറയുന്നേ നിങ്ങള് വാളയുടെ കിലോ കുറച്ചാ ഞാന്‍ കത്തുന്ന മെഴുകു തിരി കെടുത്താം ..! അമളി മനസ്സിലാക്കിയ അടിയോടി ഒരു ചൂട് ചായക്ക്‌ കൂടി ഓര്‍ഡര്‍ കൊടുത്തു..!! വള്ളിക്കാടന്‍ ഒരു ദിനേശ് ബീഡി കൂടി കത്തിച്ചു ആഞ്ഞുവലിച്ചു കൊണ്ട് മുകളിലേക്ക് വിട്ട പുകച്ചുരുളുകൾ നോക്കി ആത്മ നിർവൃതിയടഞ്ഞു.

ബഷീർ കൂരിക്കണ്ടി.